ഡല്‍ഹിയില്‍ വലിയ മാര്‍ജിനില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്കെത്തുമ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന് വിളിപേരുള്ള മനീഷ് സിസോദിയ പത്പര്‍ഗഞ്ജ് മണ്ഡലത്തില്‍ വിജയിച്ചു. കനത്ത പോരാട്ടത്തിനൊടുവിലാണ് മനീഷ് സിസോദിയ ബി.ജെ.പിയുടെ രവീന്ദ്രര്‍ സിംഗ് നേഖിയെ പരാജയപ്പെടുത്തിയത്. 2073 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിസോദിയ തന്റെ വിജയം ഉറപ്പിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളലങ്കരിച്ച മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാണ്. ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സിസോദിയേക്കാള്‍ 200 വോട്ടിന് മുന്നിലായിരുന്നു. ഉച്ചക്ക് ശേഷമുള്ള വോട്ടെണ്ണലില്‍ പിന്നീട് മനീഷ് സിസോദിയ മേല്‍കൈ നേടുകയായിരുന്നു.
ആം ആദ്മിയുടെ അഭിമാന മണ്ഡലമായ പത്പര്‍ഗഞ്ജിലെ വിജയത്തില്‍ മനീഷ് സിസോദിയ സന്തോഷം പ്രകടിപ്പിച്ചു. ‘ബി.ജെ.പി വിദ്വേഷത്തിന്റെ രാഷ്ട്രീയം പഴറ്റി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ ജനങ്ങള്‍ ഒരുമിച്ചു നിന്നു’; എന്നാണ് മനീഷ് സിസോദിയ വിജയത്തില്‍ പ്രതികരിച്ചത്. നേരത്തെ 2013ലും 2015ലും മനീഷ് സിസോദിയ തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് ഡല്‍ഹി നിയമസഭയിലെത്തിയത്. 1993ലാണ് അവസാനമായി ബി.ജെ.പി ഈ മണ്ഡലത്തില്‍ വിജയിച്ചത്. 2013ല്‍ സിസോദിയയുടെ കൈപിടിയിലാകുന്നത് വരെ പത്പര്‍ഗഞ്ജ് കോണ്‍ഗ്രസ് കുത്തകയായിരുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ല.