India

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി മമത

ഇന്ധന വില വര്‍ധനക്കെതിരെ പദയാത്രയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സിലിഗുരിയിലാണ് ഇന്ധന – പാചക വാതക വിലവര്‍ധനവിനെതിരെ മമതയുടെ പ്രതിഷേധ പ്രകടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്‍.പി.ജി ഗ്യാസ് സിലിണ്ടറിന്റെ കട്ടിങ്ങുകളുമായി നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഏറ്റവും വലിയ കൊള്ളക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മമത വിമര്‍ശിച്ചു.

റെയില്‍വേയും സിയാലും കോള്‍ ഇന്ത്യയും എണ്ണ കമ്പനികളും വില്‍ക്കുന്നത് വലിയ കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് മമത പറഞ്ഞു. ബംഗാള്‍ തെരഞ്ഞടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു മമതയുടെ പ്രതിഷേധം.

നാല് ദിവസത്തെ ഇടവേളയില്‍ 25 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന് വില വര്‍ധിച്ചത്. പെട്രോളിന് ചില നഗരങ്ങളില്‍ നൂറ് രൂപ കടന്നിരുന്നു.

മോദിയെ താനുമായി നേരിട്ട് ഏറ്റുമുട്ടാനും മമത ബാനര്‍ജി വെല്ലുവിളിച്ചു. മോദിക്ക് എത്രമാത്രം വിജയിക്കാനാകുമെന്ന് ചോദിച്ച മമത, വിജയിയെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പറഞ്ഞു.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ 29 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.