സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് മമതയുടെ ട്വീറ്റ്.
രാമക്ഷേത്രത്തെ കുറിച്ചോ ഇന്ന് നടക്കുന്ന ഭൂമിപൂജയെ കുറിച്ചോ പരാമർശിക്കാതെയാണ് മമതയുടെ ട്വീറ്റ്- ‘ഹിന്ദുക്കളും മുസ്‍ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്റെ ഭാരതം മഹത്തരമാണ്. നമ്മുടെ ഹിന്ദുസ്ഥാൻ മഹത്തരമാണ്. നമ്മുടെ രാജ്യം എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു. അവസാന ശ്വാസം വരെയും നമ്മളത് സംരക്ഷിക്കണം’.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയ് ശ്രീറാം മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോൾ മമത ബാനർജി രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് രാമക്ഷേത്രത്തെ കുറിച്ച് നിശബ്ദമായിരിക്കുക എന്ന തന്ത്രമാണ് മമത സ്വീകരിച്ചത്. ഇന്ന് ബംഗാളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ആണ്. അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോഴുള്ള ആഘോഷങ്ങൾ തടയാനാണ് മമത സർക്കാർ ഇന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങളുണ്ടാവില്ലെന്നും ഭൂമിപൂജ നടക്കുമ്പോൾ വീടുകളിൽ ആഘോഷിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. ഗവർണർ പറഞ്ഞത് രാജ്ഭവനിൽ വിളക്കുകൾ തെളിയിച്ച് ആഘോഷിക്കുമെന്നാണ്. ഇന്നത്തെ ലോക്ക്ഡൗണിന് തൃണമൂൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.