”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും..”
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ ദേശീയതയെ കുറിച്ച് മറ്റുള്ളവർക്ക് പ്രഭാഷണങ്ങൾ നടത്തുന്നു. പക്ഷെ പ്രവർത്തിയിൽ, അവർ തന്നെയാണ് രാജ്യത്തെ വിൽക്കുന്നതും. രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങൾ, ഇൻഷുറൻസ്, റയിൽവേ തുടങ്ങി എല്ലാം അവർ വിൽക്കുകയാണ്.” മമത പറഞ്ഞു.
”ഇത് ജനവിരുദ്ധമായിട്ടുള്ള ബജറ്റ് ആണ്. ജനത്തെ കബളിപ്പിക്കുന്ന ബജറ്റ്. കർഷകർക്കും രാജ്യത്തിനും എതിരെയുള്ള ബജറ്റ്.” ബംഗാളിലെ ഉത്തർ ബംഗാ ഉത്സവ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്യവേ മമത പറഞ്ഞു. ”ലോക്ക് ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട വാഹനസൗകര്യം ഒരുക്കാൻ കേന്ദ്രത്തിന് പണമുണ്ടായില്ല. അഴിമതി വീരന്മാരായ അവരുടെ നേതാക്കൾക്ക് വിമാനയാത്രക്ക് സൗകര്യമൊരുക്കാൻ അവർക്ക് പണമുണ്ട്. ഇതവരുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു.” മമത ബാനർജി കൂട്ടിച്ചേർത്തു