വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി
വെട്ടുക്കിളി ഭീഷണിയിൽ ആശങ്കപ്പെട്ട് ഉത്തരേന്ത്യൻ കർഷകർ. വെട്ടുക്കിളി ഭീഷണിയെ തുടർന്ന് ബിഹാറിന് പിന്നാലെ ഡൽഹി സർക്കാരും കർഷകർയുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.
കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന വെട്ടുക്കിളികൾ വൈകിട്ട് 7 മുതൽ 9 മണി വരെ വിശ്രമിക്കുമെന്നും ഈ സമയം മരുന്നു തളിച്ചും പാട്ട കൊട്ടിയും പ്രതിരോധിക്കണമെന്നാണ് വിദഗ്ദ്ധര്‍ കർഷകർക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഹിമാചൽ പ്രദേശും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാന്‍,
മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്.ഇവിടെ മാത്രം 8000 കോടി നഷ്ടമുണ്ടായതാണ് കണക്ക്.രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലുംആക്രമണമുണ്ടായി.
ഉത്തർപ്രദേശിലെ ഝാൻസി അടക്കമുള്ള മേഖലകളിലും വെട്ടുക്കിളികൾ വിളനാശം സൃഷ്ടിച്ചു. ഡൽഹിയിലും വെട്ടുക്കിളികൾ എത്തിയേക്കുമെന്നാണ് സൂചന.
പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. ആക്രമണം തടയാൻ വെട്ടുക്കിളി മുന്നറിയിപ്പ് ഓർഗനൈസേഷന്റെ 50 സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സജീവമായുണ്ട്. വെട്ടുക്കിളികൾ ദിവസത്തിൽ 150 കിലോമീറ്റർ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിൽ നാലുകോടി വെട്ടുകിളികളുണ്ടായേക്കും.
ഇവയ്‌ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം നശിപ്പിക്കാനാകും. 27 വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കൊപ്പം വെട്ടുക്കിളി ആക്രമണം ഭക്ഷ്യക്ഷാമത്തിലേയ്ക്കും രാജ്യത്തിനെ എത്തിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.