India National

മഹാരാഷ്ട്ര കേസ്

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ആവശ്യപ്പെട്ടത്.

ഒന്നര മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് നാളെ വിധി പറയാനായി കേസ് കോടതി മാറ്റിയത്. എന്‍.സി.പി കക്ഷി നേതാവായ അജിത് പവാര്‍ നല്‍കിയ പിന്തുണ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്ത വാദിച്ചു. എന്‍.സി.പി എം.എല്‍.എമാരുടെ കത്ത് അജിത് പവാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനു അഭിഷേക് സിങ് വിയും കോടതിയെ അറിയിച്ചു.

അതിനിടെ എന്‍.സി.പിയില്‍ നിന്ന് കാണാതായിരുന്ന നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയും ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.