India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. നിലവിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലാവധി 9ാം തിയതി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ഒരു തീര്‍പ്പും ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കി.

ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളാണ് ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അംഗീകാരമുള്ള സന്ദേശവുമായാണ് ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി ബി.ജെ.പി ശിവസേന സഖ്യത്തിനിടയില്‍ ഒരു തീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. ബി.ജെ.പി നേതാക്കല്‍ ഗവര്‍ണറെ കാണാനാണ് തങ്ങളും കാത്തിരിക്കുന്നതെന്നും ഭൂരിപക്ഷത്തിനാവശ്യമായ 145 എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ടെങ്കില്‍ ശിവസേനക്ക് സന്തോഷമേയുള്ളുവെന്നും റാവത്ത് പറഞ്ഞു.

ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ഗഡ്കരിയും കൂടിക്കാഴ്ച നടത്തിയത് വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എന്‍.സി.പിയും കോണ്‍ഗ്രസും പ്രതിപക്ഷത്ത് ഇരിക്കാന്‍ തന്നെയാണ് പോകുന്നതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെയും രാഷ്ട്രീയ അനിശ്ചിതത്വത്തേയും ഒരുപോലെ പരോക്ഷമായി പരിഹസിച്ച് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഇപ്പോള്‍ രാജ്യത്തെ നിഷ്ക്രിയ ആസ്തിയായി മാറിയെന്നും പവാര്‍ പറഞ്ഞു.