മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‍്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാര്‍. ഉത്തർപ്രദേശ് മുൻ ഗവർണർ റാം നായിക്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ എന്നിവരും ഈ പട്ടികയില്‍പ്പെടുന്നു. ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ സുരക്ഷ പിന്‍വലിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്.
പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ വെട്ടിക്കുറച്ചത് ‘ശിവസേന സര്‍ക്കാരിന്‍റെ കുടിപ്പക’ എന്നാണ് ബിജെപി പ്രതികരിച്ചത്. നടപടി തികച്ചും നിർഭാഗ്യകരമാണെന്നും സംസ്ഥാന സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്നും പാർട്ടി വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞു.
സർക്കാർ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകുന്നതെന്നും ഇത് യാത്ര ചെയ്യാനും ജനങ്ങളെ സന്ദർശിക്കാനുമുള്ള തന്‍റെ പദ്ധതികളെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം വിവിധ വ്യക്തികൾക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് സർക്കാർ അറിയിച്ചു.