India

കോടതിക്കുള്ളിലും അർണബിന്റെ ടോക് ഷോ: പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ്

ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന.

ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർ‌ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു.

കോടതി നടപടിക്കിടയിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാ​ഗ് മജിസ്ട്രേറ്റ് സുനെെന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയിൽ നിൽക്കാനും അർണബിനോട് പറഞ്ഞു.

വാദിഭാ​ഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകൾ മജിസ്ട്രേറ്റിനെ കാണിക്കാനായി അർണബ് ഡയസിൽ കയറുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റ് അർണബിനെ തടഞ്ഞു.

തുടർന്ന് തന്റെ അഭിഭാഷകൻ സംസാരിക്കുന്നതിനിടെ വീണ്ടും കെെ ഉയർത്തി പരിക്കിന്റെ കാര്യം പറയാൻ അർണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതിയിൽ മര്യാദ പാലിക്കണമെന്ന് അർണബിനോട് മജിസ്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയിൽ കയറി സംസാരിച്ച അർണബ്, ഡോക്ടർ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി.

കാര്യങ്ങൾ അതിര് കടന്നതോടെ, മര്യാദ​ പാലിക്കാൻ പറ്റിയില്ലങ്കിൽ അർണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്ട്രേറ്റ് പറയുകയായിരുന്നു. ഇതോടെ അർണബ് ശാന്തനായി. എന്നാൽ വിധി പ്രവസ്താവത്തിനിടെ കോടതിക്കുള്ളിൽ വെച്ച് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ശ്രമിച്ച അർണബിനോട് കോടതിക്ക് വെളിയിൽ പോകാനും ആവശ്യപ്പെട്ടു. കോടതി നടപടികൾ വോയിസ് റെക്കോർഡ് ചെയ്യാൻ മുതിർന്ന അർണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.