ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ബി.ജെ.പി. എത്രയും വേഗം നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേലിന് നല്‍കിയ കത്തിലെ ആവശ്യം.
നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി നീക്കം. കുതിരക്കച്ചവടമല്ല ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോഴും ഭരണപക്ഷത്ത് നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 113 ഉം ബിജെപിക്ക് 109 ഉം എം.എല്‍.എമാരാണുള്ളത്. ബി.എസ്.പി, എസ്.പി, സ്വതന്ത്ര എം.എല്‍.എമാരടക്കം 120 പേരുടെ പിന്തുണ നിലവില്‍ കമല്‍നാഥിനുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചിരിക്കും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി. സംസ്ഥാനത്ത് 29ല്‍ 25സീറ്റും ബി.ജെ.പി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.