മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് എട്ട് വയസുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാനിനെതിരെ കേസെടുത്തു. മധ്യപ്രദേശ് ഛത്തർപൂർ ജില്ലയിലെ അത്ഖോൺ ഗ്രാമത്തിലാണ് സംഭവം.
കുട്ടി കിണറ്റിനുള്ളിൽ തൂങ്ങിക്കിടക്കുന്നതായി വിഡിയോയിൽ കാണാം. ഒരാൾ ഒറ്റ കൈകൊണ്ട് കുട്ടിയെ പിടിച്ചിരിക്കുന്നു. മൊബൈൽ തന്നില്ലെങ്കിൽ കിണറ്റിൽ മുക്കി കൊല്ലുമെന്നും ഭീഷണി. താൻ മൊബൈൽ എടുത്തിട്ടില്ലെന്നും കൊല്ലരുതെന്നും കുട്ടി കരഞ്ഞു പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായ രീതിയിലാണ് പ്രതി 8 വയസുകാരനെ പിടിച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അറിഞ്ഞ ഇരയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. എന്നാൽ വീഡിയോ ഷൂട്ട് ചെയ്തില്ലെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി കുട്ടി ആരോപിച്ചു. വിഷയം സങ്കീർണ്ണമാക്കിയെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥൻ തന്നെ മർദിച്ചതായും കുട്ടി പറഞ്ഞു. എന്നാൽ, ലവ്കുഷ് നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഹേമന്ത് നായക് കുട്ടിയുടെ അവകാശവാദം നിഷേധിച്ചു.
സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തയോടെ പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. വിഡിയോയിൽ ഉള്ള പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമ്മ പറഞ്ഞു.