ടോക്കിയോ ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേൽ. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ദേശീയ ഗെയിംസിൽ 50 മീറ്റർ, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണം നേടിയിട്ടുള്ള താരമാണ് മാന. ബാക്ക്‌സ്‌ട്രോക്കിൽ നിലവിലെ ദേശീയ റെക്കോർഡും മാനയുടെ പേരിലാണ്.
ഒളിമ്പിക്സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരമാണ് ഈ 21കാരി. നേരത്തെ മലയാളി താരം സാജൻ പ്രകാശ്, ശ്രീഹരി നടരാജ് എന്നിവരും ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിരുന്നു.
ജൂലൈ 23നാണ് കായിക മാമാങ്കം ആരംഭിക്കുക. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക.