തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ തുടർച്ചയായി രണ്ടാം തവണ ഡിഎംകെ അധ്യക്ഷനായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ എസ്.ദുരൈ മുരുകൻ ജനറൽ സെക്രട്ടറിയായും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ടി.ആർ.ബാലു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു ( M K Stalin elected again as DMK chief ).
കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി സുബ്ബുലക്ഷ്മി ജഗദീശൻ ഈയിടെ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കനിമൊഴിയുടെ നിയമനം. മന്ത്രിമാരായ ഐ.പെരിയസാമി, കെ.പൊൻമുടി, നീലഗിരി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ എ.രാജ, എം.പി.അന്തിയൂർ ശെൽവരാജ് എന്നിവർ സെക്രട്ടറിമാരാണ്.
ഞായറാഴ്ച ചെന്നൈയിൽ നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായത്.