പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു. ലുധിയാന കോടതി കോംപ്ലക്‌സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു. സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി രംഗത്തെത്തി. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മേഖലയില്‍ പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
നേരത്തെ ഡല്‍ഹി രോഹിണി കോടതിയിലും സമാനമായ രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് കോടതി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവയ്പ്പില്‍ ഗൂണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും കൊല്ലപ്പെട്ടിരുന്നു.