ജമ്മുകശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനസംഘടന ബില്ലിലും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു. ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി ചര്‍ച്ചനടത്തി.
ഇന്നലെ സഭാ നടപടികള്‍ക്കിടെ പ്രമേയം കീറിയ എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും സ്പീക്കര്‍ ചേംബറില്‍ വിളിച്ച് ശാസിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ കടന്ന് രാജ്യസഭയില്‍ ജമ്മുകശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടന ബില്ലും പാസാക്കിയ സര്‍ക്കാരിന് ലോക്സഭയില്‍ കാര്യങ്ങള്‍ സുഗമമാണ്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് ലോക്സഭയില്‍ അമിത് ഷാ പ്രമേയവും പുനസംഘടന ബില്ലിലും അവതരിപ്പിച്ച് ചര്‍ച്ച ആരംഭിച്ചത്.
നിലവിലെ നീക്കം ജമ്മുകശ്മീരിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനമാണെന്നും യു.എന്‍ പരിഗണനയിലുള്ള വിഷയമാണിതെന്നും അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമോണോ എന്നും അധിര്‍ രഞ്ജന്‍ ചൌധരി ചോദിച്ചു.
കശ്മീര്‍ യു.എന്നിനു കീഴില്‍ വരാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നായിരുന്നു ചോദ്യത്തിലെ രാഷ്ടീയം തിരിച്ചറിഞ്ഞ അമിത് ഷായുടെ മറുപടി. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി ചര്‍ച്ച നടത്തി, ദീപേന്ദ്ര്‍ ഹൂഡ, ജനാര്‍ദ്ദന്‍ ദ്വിവേദി, മിലിന്ദ് ദോറ, ജയ്വീര്‍ ഷെര്‍ഗിര്‍ തുടങിയവര്‍ ബില്ലിനെ പിന്തുണച്ചിരുന്നു.
വൈകീട്ടോടെ സഭ നടപടികള്‍ നീണ്ടാല്‍ നാളെയും വിഷയത്തില്‍ അടിയന്തര പ്രവര്‍ത്തക സമിതി ചേരും. ഇതിനിടെ ഇന്നലെ സഭാ നടപടികള്‍ക്കിടെ പ്രമേയം കീറിയ എംപിമാരായ ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും സ്പീക്കര്‍ ചേംബറില്‍ വിളിച്ച് ശാസിച്ചു.