India National

കത്ത് വിവാദം: കോണ്‍ഗ്രസില്‍ വാക്പോര് രൂക്ഷം

കത്തെഴുതിയ നേതാക്കള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ദിഗ്‍വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

കോണ്‍ഗ്രസിലെ കത്ത് വിവാദത്തില്‍ വാക്പോര് രൂക്ഷമാകുന്നു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ദിഗ്‍വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചുള്ള പോക്ക് പാർട്ടിക്ക് ദുഷ്കരമാകും.

കത്ത് ചർച്ചയായ പ്രവർത്തക സമിതി യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടുകയാണ്. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നും ഒരു വർഷത്തിനകം ബ്ലോക്ക് തലം മുതല്‍ പ്രവര്‍ത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് കത്തയച്ച നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അതിനാല്‍ ഏറിയും കുറഞ്ഞും കത്തെഴുതിയവരും എതിർക്കുന്നവരും തമ്മിലെ പോരാട്ടം തുടർന്നേക്കും.

പ്രവർത്തക സമിതിക്ക് മുന്‍പ് കത്ത് ചോരുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ കത്തയച്ച 23 പേർക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയർത്തുന്ന ആവശ്യം. ജിതിന്‍ പ്രസാദയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുപി – ലഖിംപൂർ ഖേരി ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയതും കേരളത്തില്‍ ശശി തരൂരിനെതിരായി നേതാക്കള്‍ ഉയർത്തിയ രൂക്ഷമായ വിമർശനങ്ങളും പ്രശ്നം സങ്കീർണമാക്കുകയാണ്.

കത്ത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കത്തയച്ചവർക്കെതിരെ അല്ല പ്രവർത്തക സമിതിയിൽ നടന്ന ചർച്ചയില്‍ അപമര്യാദയായി പെരുമാറിയവർക്കെതിരെ ആണ് നടപടി സ്വീകരിക്കേണ്ടത് എന്നാണ് കത്തിലൊപ്പിട്ട നേതാക്കളുടെ പ്രതികരണം. ഇനിയും തെരഞ്ഞെടുപ്പുണ്ടായില്ലെങ്കില്‍ പാർട്ടി എക്കാലത്തും പ്രതിപക്ഷത്തായിരിക്കുമെന്നും നേതാക്കള്‍ പറയുന്നു. വാഗ്വാദം തുടരവെ സംഘടനാപരമായ ഭിന്നത പരിഹരിച്ച് ബിജെപിക്കെതിരെ ശക്തമായ സാന്നിധ്യമാവുക പാർട്ടിക്ക് വെല്ലുവിളിയാണ്.