സംസ്‌കൃത ശ്ലോകങ്ങളുടെ പാണ്ഡിത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വെറുതെ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ലെന്നും ധൈര്യമുണ്ടെങ്കില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി തന്നെ തോല്‍പ്പിക്കൂവെന്നുമായിരുന്നു വെല്ലുവിളി.
ദുര്‍ഗ്ഗാ നിമജ്ഞനവും സരസ്വതി പൂജയും സ്‌കൂളുകളില്‍ നടത്താന്‍ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ ബി.ജെ.പി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ പൂജയും മറ്റ് ഹൈന്ദവാചാരങ്ങളും അപകടത്തിലാണെന്ന് മോദിയും കഴിഞ്ഞ ദിവസം പ്രസംഗിച്ചു. ഇതിന് മറുപടിയായാണ് മമതയുടെ വെല്ലുവിളി.
മര്‍വാരി ഫെഡറേഷന്‍ ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ സംസ്‌കൃത ശ്ലോക ചലഞ്ച്. ഡല്‍ഹിയില്‍ ഇരുന്ന് ചിലരൊക്കെ നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നുണ്ട്. ദുര്‍ഗാ പൂജ ബംഗാളില്‍ നടക്കുന്നില്ലെന്നാണ് അവരുടെ വാദം. വര്‍ഷങ്ങളായി നമുക്ക് പൂജയും നവരാത്രി ആഘോഷങ്ങളും ഗണപതി വന്ദനവുമെല്ലാമുണ്ടെന്നും ഇതൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും മമത തുറന്നടിച്ചു.