India National

മുസ്‍ലിം വ്യക്തി നിയമമടക്കം 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു

മുസ്‍ലിം വ്യക്തിനിയമം അടക്കമുള്ള 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു. 1937ലെ ശരീഅത്ത് ആക്ട് അടക്കം പുനഃപരിശോധിക്കാനാണ് കേന്ദ്ര നിയമമന്ത്രാലയം നീക്കം നടത്തുന്നത്. ഇതോടൊപ്പം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങിയവയും പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.

ദേശീയ മാധ്യമമായ എക്കണോമിക്‌സ് ടൈംസ് ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52 നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങളിലെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ചിലത് സിവിൽ കുറ്റകൃത്യമാക്കുന്നതടക്കമുള്ളവയെക്കുറിച്ചുള്ള അഭിപ്രായവും നിർദേശവും അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പവേഴ്‌സ് ഓഫ് അറ്റോണി, ഒഫീഷ്യൽ ട്രസ്റ്റീസ്, കൊമേഴ്ഷ്യൽ എവിഡെന്റ്‌സ്, സ്‌പെഷ്യൽ മാര്യേജ്, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ, സ്‌പെസിഫിക് റിലീഫ് തുടങ്ങിയവയാണ് പുനഃപരിശോധനയ്ക്കു വച്ച മറ്റു പ്രധാന നിയമങ്ങൾ. ഓരോ മന്ത്രാലയങ്ങളും നൽകുന്ന നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചായിരിക്കും പുതിയ ഭേദഗതികൾ വരുത്തുക.

ഭരണഘടനാ പരിഷ്‌ക്കരണത്തിനുള്ള കേന്ദ്ര നടപടിയുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്. ഏക സിവിൽകോഡ് അടക്കം അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാകുമോ ഇതെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പുതിയ നിയമഭേദഗതികൾക്ക് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അംഗീകാരം നേടിയെടുക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.