നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിമ്പുർ ഖേരി കനത്ത സുരക്ഷാ വലയത്തിൽ. സംഭവ സ്ഥലത്തേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു. ഇതോടെ, പ്രിയങ്ക ഗാന്ധി കാൽനടയായി മുന്നോട്ടുനീങ്ങി. ലഖിമ്പുർ ഖേരിയിലെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചെന്നാണ് റിപ്പോർട്ടുകൾ. കർഷക മരണങ്ങളെ അപലപിച്ച സംയുക്ത കിസാൻ മോർച്ച, ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രാജ്യത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളും ഉപരോധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. (lakhimpur kheri uttar pradesh)
അർധരാത്രിയിൽ ലഖിമ്പുർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞു. ഇതോടെയാണ് കാൽനടയായി മുന്നോട്ടുനീങ്ങാൻ പ്രിയങ്ക ഗാന്ധി തീരുമാനിച്ചത്. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു.
മേഖല ശാന്തമാകുന്നത് വരെ രാഷ്ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. അർധരാത്രിയിൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു.
മുസാഫർനഗറിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. കർഷക നേതാക്കളായ രാകേഷ് ടിക്കായത്ത് അടക്കം ഇന്ന് ലഖിമ്പുർ ഖേരിയിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം കർഷകരുടെ മേൽ ഇടിച്ചുകയറ്റിയെന്നാണ് സംയുക്‌ത കിസാൻ മോർച്ചയുടെ ആരോപണം. എന്നാൽ, വാഹനവ്യൂഹത്തിൽ തന്റെ മകൻ ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്ര ടേനി വിശദീകരണം. സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും, വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, കുറ്റക്കാരെ തുറന്നുകാട്ടുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവനയിൽ അറിയിച്ചു.