India National

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ്

ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു.

ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ പുതിയ വിമർശനം.

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ചൈനയുമായി ബന്ധപ്പെട്ട ട്വിറ്റർ പോളുകളിൽ എല്ലാം പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ഒരു സർവ്വേ സംഘടിപ്പിക്കാൻ ഏജൻസികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നു എന്നാണ് കോൺഗ്രസ് വിമർശം. ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് പറയുന്നു. 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷത്തേക്കാള്‍ വിശ്വാസം പ്രധാനമന്ത്രിയെ ആണെന്ന് സി വോട്ടര്‍ നടത്തിയ സര്‍വേയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. രാജകുമാരന്‍റെ കോമാളിത്തരങ്ങൾ എന്നാണ് രാഹുൽ ഗാന്ധിയെ സമ്പിത് പത്ര വിമർശിച്ചത്. പ്രധാനമന്ത്രിയെ നിന്ദിക്കുകയും സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസ് തുടരുകയാണെന്നും ആരോപിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ ഭൂമി കൂടുതൽ കൈയേറിയത് യുപിഎ കാലത്താണ് എന്നാണ് ബിജെപി വാദം.