അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു വര്‍ഷത്തിനിടെ ആറ് തവണ ഓപ്പറേഷന്‍ ലോട്ടസില്‍ സഖ്യ സര്‍ക്കാര്‍ ആടിയുലഞ്ഞു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ ബി.ജെ.പിയുടെ അട്ടിമറിയില്‍ കുമാരസ്വാമി സ്ഥാനമൊഴിയുന്നു.
ബി.ജെ.പിയുടെ തെക്കേ ഇന്ത്യയിലെ സ്വപ്ന ഭൂമിയാണ് കര്‍ണാടക. അവിടെ അധികാരം പിടിച്ചെടുക്കുക അഭിമാനപ്രശ്നമായി കണ്ടു ബി.ജെ.പി. 2008-ല്‍ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ബി.എസ് യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബി.ജെ.പി. 224 അംഗ സഭയില്‍ 104 സീറ്റ് അവര്‍ നേടി. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 80 ഉം ദേവഗൌഡയുടെ ജെ.ഡി.എസിന് 37 സീറ്റും.
അധികാരത്തിലേറാമെന്ന യെദ്യൂരപ്പയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് നീക്കം. ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാവുകയും മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ തങ്ങളെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. അന്ന് തുടങ്ങിയതാണ് കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍.
യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് നിയമപരമായി നേരിട്ടു. 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ സുപ്രിം കോടതി തള്ളി. ഒരു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അത് സാധിക്കാതെ വിശ്വാസ വോട്ടിനിടെ രാജിപ്രഖ്യാപിച്ച് യെദ്യൂരപ്പ പുറത്തേക്ക്. കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേക്കും.
ബി.ജെ.പി സര്‍ക്കാരിനെ ഏത് വിധേനയും അധികാരത്തിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അന്ന് തൊട്ട് യെദ്യൂരപ്പക്കുണ്ടായിരുന്നുള്ളൂ… അതിനുള്ള ശ്രമം പല തവണ ഉണ്ടായി. തങ്ങള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചെന്ന എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍ ഓപ്പറേഷന്‍ താമരയിലേക്ക് വിരല്‍ചൂണ്ടി.
കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ഭരണത്തോടുള്ള മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍പ്പുമെല്ലാം ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി…. ഒരു വര്‍ഷത്തിനിടെ പലകുറി ആടിയുലഞ്ഞ കുമാരസ്വാമി സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയത് ഡി.കെ ശിവകുമാറെന്ന കോണ്‍ഗ്രസിന്റെ തന്ത്രജ്ഞനായിരുന്നു. കാണാതാകുന്ന എം.എല്‍.എമാരെ അദ്ദേഹം സമയാസമയങ്ങളില്‍ തിരിച്ചത്തിച്ചു.
പിടിച്ചുനിന്ന കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന് കനത്ത പ്രഹരമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നല്‍കിയത്. കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിന്നിട്ടും കിട്ടിയത് രണ്ട് സീറ്റ്. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 16 എം.എല്‍.എമാരെ രാജി വെപ്പിക്കാന്‍ ബി.ജെ.പിക്കായി. അഞ്ച് തവണ ഓപ്പറേഷന്‍ താമരയെ ചെറുത്ത ഡി.കെ ശിവകുമാര്‍ കാഴ്ചക്കാരനായി. കുമാരസ്വാമി സര്‍ക്കാര്‍ പുറത്ത്.