India National

കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്താന് ഇനി ഏകപക്ഷീയ വിചാരണ അസാധ്യം

അന്താരാഷ്ട്ര നീതി ന്യായ കോടതി വിധി ഇന്ത്യക്ക് അനുകൂലമായതോടെ കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്താന് ഇനി ഏകപക്ഷീയ വിചാരണ അസാധ്യം. വിധി പുനഃപരിശോധിക്കുന്ന ഘട്ടത്തിൽ ജാദവിന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കും. ഇതോടെ കേസിലെ പാകിസ്താന്റെ ഒരോ വാദവും സൂക്ഷ്മമായി പരിശോധിക്കപ്പെടാനാണ് വഴി ഒരുങ്ങിയത്.

ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമാനുസൃത കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ , 2016 മാർച്ചിലാണ് പാകിസ്താന്‍ പിടികൂടിയത്. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് ചുമത്തിയ കേസിൽ പിന്നീട് പാക് പട്ടാള കോടതി ഒന്നര കൊല്ലത്തോളം വിചാരണ നടത്തി. ഈ സമയം കുൽ ഭൂഷണ് നിയമ സഹായം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കം പാക്കിസ്ഥാൻ അനുവദിച്ചിരുന്നില്ല. നയതന്ത്ര ഉദ്യോഗസ്ഥ സഹായത്തിനുള്ള അപേക്ഷ 16 തവണയാണ് തള്ളിയത്. എന്നാൽ ഇനി വിധി പുനഃപരിശോധിക്കുമ്പോൾ ഇത്തരം നിലപാട് പാകിസ്താന് സ്വീകരിക്കാനാകില്ല. വിചാരണയും വധശിക്ഷാ വിധിയും വസ്തുനിഷ്ഠമായി പുനഃപരിശോധിക്കണമെന്നാണ് അന്താരാഷ്ട്ര നീതി ന്യായ കോടതി ഇന്നലെ നൽകിയ നിർദ്ദേശം. ഈ സമയം കുൽഭൂഷണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായം പാകിസ്താന്‍ അനുവദിക്കുകയും വേണം. ഇതോടെ വിചാരണ വേളയിലെ ഏകപക്ഷീയ നീക്കങ്ങൾ പാകിസ്താന് ഉപേക്ഷിക്കേണ്ടി വരും. കുൽദൂഷണുള്ള നയതന്ത്ര സഹായ നിഷേധം വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്ന കോടതിയുടെ കണ്ടത്തൽ അന്താരാഷ്ട്ര സമൂഹത്തിലും പാക് പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ വിചാരണ പാക് പാട്ടാള കോടതിയിൽ നിന്നും സിവിൽ കോടതി യിലേക്ക് മാറ്റാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തര വിട്ടിട്ടില്ല. ഇത് ഗുണം ചെയ്യുമെന്നാണ് പാകിസ്താന്റെ അവകാശ വാദം.