Cricket India Sports

ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം

ആദ്യ പകല്‍ രാത്രി ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംങ്‌സ് ജയം. ഇന്നിംങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി.

മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിംങ്‌സില്‍ ഇഷാന്തും രണ്ടാം ഇന്നിംങ്‌സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി.

സ്‌കോര്‍

ബംഗ്ലാദേശ് 106, 195

ഇന്ത്യ 347/9ഡിക്ലയേഡ്

ഇന്ന് വീണ എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് ഉമേഷ് യാദവായിരുന്നു ബംഗ്ലാദേശ് നിരയില്‍ പിടിച്ചു നിന്ന മുഷ്ഫിക്കുര്‍ റഹീമിനെ(74) ഉമേഷ് ജഡേജയുടെ കൈകളിലെത്തിച്ചതോടെ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. എബാദത്ത് ഹുസൈനേയും അല്‍ അമീന്‍ ഹുസൈനേയും ഉമേഷ് തന്നെയാണ് മടക്കിയത്. ടെസ്റ്റില്‍ ഉമേഷ് യാദവ് എട്ട് വിക്കറ്റുകളും ഇഷാന്ത് ശര്‍മ്മ ഒമ്പത് വിക്കറ്റുകളും നേടി. ഇഷാന്ത് ശര്‍മ്മയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ, ആദ്യ ഇന്നിംങ്‌സിലെ 241 റണ്‍സിന്റെ കുടിശ്ശികയുമായാണ് രണ്ടാംദിനത്തില്‍ ബംഗ്ലാദേശ് ബാറ്റിംങ് തുടങ്ങിയത്. രണ്ടാം ഇന്നിംങ്‌സിലും ഇഷാന്ത് ശര്‍മ്മ കൊടുങ്കാറ്റായപ്പോള്‍ ബംഗ്ലാദേശിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രതിരോധിക്കാന്‍ പോലുമായില്ല. ഒരുഘട്ടത്തില്‍ അവര്‍ 4ന്13 എന്ന നിലയിലേക്ക് തകര്‍ന്നു. മുഷ്ഫിഖര്‍ റഹീമിന്റെ അര്‍ധസെഞ്ചുറിയും പരിക്കേറ്റ് പിന്മാറേണ്ടി വന്ന മഹമ്മദുള്ളയുടെ(39) ചെറുത്തു നില്‍പ്പുമാണ് ബംഗ്ലാ ഇന്നിംങ്‌സിന് ആയുസു നീട്ടിക്കൊടുത്തത്.

രണ്ടാം ഇന്നിംങ്‌സില്‍ 23ആം ഓവറിലാണ് കോഹ്‌ലി ടീമിലെ സ്പിന്നറായ അശ്വിന് ആദ്യമായി പിങ്ക് ബോള്‍ എറിയാന്‍ നല്‍കിയത്. ഇതില്‍ നിന്നു തന്നെ ടെസ്റ്റില്‍ ഇന്ത്യന്‍പേസര്‍മാര്‍ നേടിയ മുന്‍തൂക്കവും ബംഗ്ലാദേശിന്റെ നിസഹായാവസ്ഥയും പ്രകടമാണ്.

നേരത്തെ വിരാട് കോഹ്‌ലിയുടെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിലാണ് 347/9 എന്ന നിലയില്‍ ആദ്യ ഇന്നിംങ്‌സ് ഇന്ത്യ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തത്. സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്‌ലി(136)യാണ് ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചത്. 194 പന്ത് നേരിട്ട കോഹ്‌ലി 18 ബൗണ്ടറികളും നേടി. രഹാനെയും(51) പുജാരയും(55) മാത്രമാണ് ക്യാപ്റ്റന് പിന്തുണ നല്‍കിയത്.

ഇന്ത്യന്‍ സ്‌കോര്‍ 43ല്‍ നില്‍ക്കേ രോഹിത് ശര്‍മ്മ പുറത്തായപ്പോഴാണ് കോഹ്‌ലി ക്രീസിലെത്തുന്നത്. ടീം സ്‌കോര്‍ 308ലെത്തിച്ചശേഷമാണ് ക്യാപ്റ്റന്‍ ബാറ്റുതാഴ്ത്തിയത്. പിന്നീട് വെറും 37റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്ത്യ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. അവസാന വിക്കറ്റില്‍ ഷമിയും(10) സാഹയും(17) ആയിരുന്നു അപ്പോള്‍ ക്രീസില്‍.

ബംഗ്ലാദേശിനുവേണ്ടി അല്‍അമിന്‍ ഹുസൈനും എബാദത്ത് ഹുസൈനും മൂന്നുവീതം വിക്കറ്റുകളും അബു ജായേദ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകന്‍ മൂമിനുല്‍ ഹഖിന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നും ബംഗ്ലാദേശിന്റേത്.

ഓപ്പണര്‍ ശദ്മാന്‍ ഇസ്‌ലാമാണ് (29) ബംഗ്ലാദേശ് ടോപ് സ്‌കോറര്‍. ശാദ്മാന് പുറമെ, ലിന്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റനടക്കം നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി. ഇഷാന്ത് ശര്‍മക്ക് പുറമെ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ഇന്ത്യ സ്പിന്നര്‍മാര്‍ വഴി ഒരു വിക്കറ്റു പോലും ലഭിക്കാതെ വിജയിക്കുന്നത്. ജോഹന്നാസ് ബര്‍ഗ് ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് ഒരുവിക്കറ്റ് പോലും നല്‍കാതെ വിജയിച്ചിരുന്നു. പേസിനെ തുണക്കുന്ന പിച്ചില്‍ അന്ന് നാല് പേസര്‍മാരാണ് ടീമിലുണ്ടായിരുന്നത്.

ടെസ്റ്റില്‍ തുടര്‍ച്ചയായി നാല് ഇന്നിംങ്‌സ് ജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ഇന്ത്യയുടെ തുടര്‍ജയങ്ങളുടെ റെക്കോഡ് ഏഴാക്കി ഉയര്‍ത്താനും കൊല്‍ക്കത്തയിലെ ഇന്നിംങ്‌സ് ജയത്തിലൂടെ സാധിച്ചു.