Kerala

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 41 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക . തീവ്ര ഉറവിട നശീകരണ യജ്ഞം എന്ന പേരിൽ കൊതുകുകളുടെ ഇറവിടങ്ങൾ നശിപ്പിക്കുകയാണ് നഗരസഭ. തിരുവനന്തപുരം നഗരസഭ വളപ്പിൽ തന്നെ യജ്ഞത്തിന് തുടക്കം കുറിച്ചിരുന്നു.

മാലിന്യ നീക്കത്തിനൊപ്പം ഫോഗിംഗ് ഉൾപ്പെടെയുള്ള നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പൊതുജനങ്ങൾ സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്ന് ഓർമിപ്പിച്ചിരുന്നു.