ഫോണ്‍ ചെയ്യുമ്പോള്‍ പലരും പരിസരം മറക്കുമെന്നും അതു വഴി പല അബദ്ധങ്ങളിലും അപകടങ്ങളിലും ചെന്നു ചാടുന്ന സംഭവങ്ങള്‍ നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഈയിടെ തിരുവനന്തപുരം കൊഞ്ചിറ നാലുമുക്ക് വിളയിലും ഇത്തരത്തിലൊരു സംഭവം നടന്നു. കിണറിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. ഇയാള്‍ കിണറ്റില്‍ വീഴുന്നത് ആരും അറിയാത്തത് മൂലം രണ്ട് രാത്രിയും ഒന്നര പകലുമാണ് യുവാവിന് കിണറ്റില്‍ കഴിയേണ്ടി വന്നത്.
ബുധനാഴ്ച വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന പ്രദീപ്(38) എന്ന യുവാവാണ് കിണറ്റില്‍ വീണത്. നിരവധി തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച് കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. മാത്രമല്ല കയ്യിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാനും സാധിച്ചില്ല. വീട്ടില്‍ ആകെയുള്ള അമ്മ സരള ബന്ധുവീട്ടില്‍ പോയതുകൊണ്ട് പ്രദീപ് കിണറില്‍ വീണത് ആരും അറിഞ്ഞുമില്ല.
വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.