Kerala

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക്: റിജില്‍ മാക്കുറ്റി

സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പദ്ധതിയില്‍ നിന്നും കിട്ടുന്ന കോടികളുടെ അഴിമതി പണത്തിന്റെ ഒരു ഭാഗം ഇതിനായി ഡിവൈഎഫ്‌ഐയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ ആരോപണമാണ് റിജില്‍ മാക്കുറ്റി ഉന്നയിച്ചത്. പശ്ചിമബംഗാളിലേതിന് സമാനമായി സിപിഐഎമ്മിനെ ജനം അടിച്ചോടിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു.

കണ്ണൂരിലെ പൊലീസ് എംവി ജയരാജന്റെ വീട്ടിലെ ദാസ്യരെപ്പോലെ തരംതാഴ്ന്നുവെന്നായിരുന്നു റിജിലിന്റെ മറ്റൊരു ആരോപണം. എന്ത് വസ്ത്രം ധരിച്ച് സമരം ചെയ്യണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും റിജില്‍ മാക്കുറ്റി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ വസ്ത്രം ധരിക്കാതെയല്ലല്ലോ സമരം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അതൊന്നും വകവെക്കാതെ എന്ത് വില കൊടുത്തും അത് നടത്തിയെടുക്കുമെന്ന ധിക്കാരമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദീകരണയോഗത്തില്‍ പ്രതിഷേധവുമായി കടന്നുചെന്ന റിജിലിനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.

മന്ത്രി എം വി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തത്. യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചിരുന്നു. തന്റെ വീടോ സ്ഥലമോ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി നഷ്ടമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സംഭവത്തിന് ശേഷം റിജില്‍ മാക്കുറ്റി പ്രതികരിച്ചിരുന്നു.