ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ പ്രതിഷേധം. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. ഇടപാട് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി മകളെ ഉപയോഗിച്ച് അഴിമതി നടത്തുന്നുവെന്നായിരുന്നു ലീഗിന്‍റെ ആരോപണം.
കോഴിക്കോട് കുരവട്ടൂരില്‍ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇ മൊബലിറ്റി പദ്ധതിയിലെ അഴിമതിയില്‍ നേതാക്കന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 4500 കോടി രൂപയുടെ ഇടപാട് ഗതാഗതമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കെ.എം ഷാജി എം.എല്‍.എ കുറ്റപ്പെടുത്തി.