Kerala

വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍മോചിതരാകും

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഫര്‍സീന്‍ മജീദും രണ്ടാം പ്രതി നവീന്‍ കുമാറും ജയില്‍ മോചിതരാകുന്നത്.

പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്റ് ചെയ്ത ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്നും നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എയര്‍ പോര്‍ട്ട് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വൈരുധ്യവും കോടതി കഴിഞ്ഞ ദിവസം ചുണ്ടിക്കാട്ടിയിരുന്നു. മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളുണ്ടെന്നും, എഫ്.ഐ.ആര്‍ എടുക്കാനുള്ള അധികാരമുണ്ടെന്നും പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു വിമാനത്തിലും പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടയിലും എല്‍ഡിഎഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയായിരുന്നു.