Kerala

ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു

ആനിക്കോട്: ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശമയച്ചയത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചതായി പരാതി. പാലക്കാട് ആനിക്കോട് സ്വദേശി അഷ്റഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മണപ്പുള്ളിക്കാവ് സ്വദേശി ഫിറോസിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ഭാര്യയുടേയും സഹോദരിയുടെയും ചിത്രം ഉപയോഗിച്ച് അശ്ലീല സന്ദേശം പതിവായി ലഭിക്കാന്‍ തുടങ്ങിയത് മുതലാണ് ആരാണ് ഇതിന് പിറകിൽ എന്ന് അഷ്റഫ് അന്വേഷിച്ചത്.

നിരന്തരമായി സന്ദേശം വരുന്നത് ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തി. സഹോദരിയുടെ മുൻ ഭർത്താവിൻറെ ബന്ധുവാണ് സന്ദേശം അയക്കുന്നതെന്ന് സംശയം തോന്നിയപ്പോഴാണ് അഷ്റഫ് ഇക്കാര്യം സംസാരിക്കാൻ ഇയാളുടെ മൊബൈൽ കടയിൽ പോയത്. സംസാരത്തിനിടെ ബന്ധുവുമായി വാക്കേറ്റം ഉണ്ടാവുകയും, ബന്ധു സ്റ്റീലിൻറെ സ്കെയിൽ ഉപയോഗിച്ച് യുവാവിനെ വെട്ടുകയായിരുന്നു.

അഷ്റഫിന്‍റെ കൈക്കാണ് വെട്ടേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പാലക്കാട് സൗത്ത് പൊലീസിന് പരാതി നൽകി. സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടിൻ്റെ ഉറവിടം ലഭ്യമായ ശേഷം തുടർ നടപടിയിലേക്ക് കടക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിച്ച് മാപ്പുപറയിക്കുകയും കാലിൽ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട എയർപോർട്ട് ഡാനിക്കെതിരെ പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയര്‍ന്നതിനൊടുവിലാണ് പൊലീസിന്റെ നിയമ നടപടി. വെങ്കിടേഷ് എന്ന യുവാവിനെ അപമാനിച്ച ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. എയർപോർട്ട് ഡാനിയെന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഗുണ്ട നടുറോഡിൽ യുവാവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ടാണ് കാലു പിടിപ്പിച്ചത്.