Kerala

അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ

കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടികടിച്ച കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി പ്രസവിച്ച് കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്ത് വന്നു.

തുടര്‍ന്ന് നായയെ വലിച്ചിഴച്ച് സമീപത്തെ വയലില്‍ കൊണ്ട് കുഴിച്ച് മൂടുകയുംചെയ്തു. വീട്ടുകാര്‍ ഇരവിപുരം പൊലീസില്‍ പരാതിനല്‍കിയെങ്കിലും പൊലീസ് കേസേടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഡിജിപിക്കും ,പരാതിനല്‍കി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്ത് എത്തി. ഇതോടെ പൊലീസ് യുവാക്കള്‍ക്ക് എതിരെ കേസ് എടുക്കുകയയായിരുന്നു.