സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്നായിരുന്നു ടി പത്മനാഭന്റെ വിമര്‍ശനം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്ന് അദ്ദേഹം ഐഎഫ്എഫ്‌കെ വേദിയില്‍ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്താല്‍ താര ചക്രവര്‍ത്തിമാര്‍ക്ക് അധികകാലം വാഴാനാകില്ല. എത്ര വലിയവരായാലും തൊഴിലിടത്തില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനവേദിയിലെ ഭാവനയുടെ സാന്നിധ്യത്തേയും ടി പത്മനാഭന്‍ പ്രശംസിച്ചു. അപരാജിതയായ പെണ്‍കുട്ടിയാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനത്തില്‍ അതിഥിയായതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന മേളയാണ് ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.