വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസിലെ അംഗങ്ങളുടെ സന്മനസ്സും കറുകുറ്റി ക്ലാരിഷ്യൻ പ്രൊവിൻസിലെ വൈദികരുടെ കാരുണ്യസ്പർശവും ഒത്തുചേർന്നപ്പോൾ കഴിഞ്ഞ പ്രളയ കാലത്ത് വീട് നഷ്ടപ്പെട്ടു ദുരിതമനുഭവിച്ച രണ്ട് കുടുംബങ്ങൾക്ക് പ്രളയത്തെ അതിജീവിക്കുന്ന മികച്ച കെട്ടുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമായി. മികച്ച രീതിയിൽ ക്ലാരിഷ്യൻ വൈദികരുടെ മേൽനോട്ടത്തിൽ പണിപൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാന കർമ്മം ഇക്കഴിഞ്ഞ ഫെബ്രുവരി ആറാംതീയതി കറുകുറ്റി യിൽ വച്ച് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളുടെയും, മെമ്പർമാരുടെയും,ക്ലാരിഷ്യൻ വൈദികരുടെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
ഈ വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം കറുകുറ്റി ക്ലാരിഷ്യൻ പ്രൊവിൻഷ്യൽ ജനറൽ ഫാദർ ജോസ് തേൻപിള്ളിൽ, ഫാദർ തോമസ് പൈങ്ങോട്ട്, ഫാദർ ജോർജ് തെള്ളിയാങ്കൽ, ഫാദർ കുര്യാക്കോസ് തേക്കിലകാട്ടിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡണ്ട് സുനിൽ ജോസഫ്, WMC യൂറോപ്യൻ റീജിയൺ വൈസ് പ്രസിഡണ്ട് വിൽസൺ ചാത്തൻകണ്ടം, എക്സിക്യൂട്ടീവ് മെമ്പർ മാത്യു പഴംകോട്ടിൽ, അംഗങ്ങളായ ജോയി പറമ്പേട്ട്, ജോൺസൺ തെക്കുംതല, വിമൻസ് ഫോറം പ്രതിനിധികളായി മേരി പഴംകോട്ടിൽ, നെൻസി ജോസഫ് എന്നിവരും സംബന്ധിച്ചു.
ക്ലാരിഷ്യൻ പ്രോവിൻസിനെ പ്രതിനിധീകരിച്ച് ഫാദർ തോമസ് പൈങ്ങോട്ടും, വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രോവിൻസിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സുനിൽ ജോസഫും നന്ദി പ്രകാശനം നടത്തി. ഈ സംരംഭം യാഥാർത്ഥ്യമാക്കുവാൻ ക്ലാരിഷ്യൻ പ്രൊവിൻസിനെയും വേൾഡ് മലയാളി കൗൺസിനെയും കൂട്ടിയിണക്കുകയും നല്ലൊരു തുക സംഭരിച്ചു സംഭാവന നൽകുകയും ചെയ്ത സ്വിസ്സ് പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പർമാരായ പഴംകോട്ടിൽ ദമ്പതികൾക്ക് ഇരുവരും പ്രത്യേകം നന്ദി പറഞ്ഞു. തുടർന്നു നടന്ന സ്നേഹ വിരുന്നിൽ എല്ലാവരും സന്തോഷപൂർവ്വം പങ്കെടുത്തു.