Kerala

പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കും; നരബലി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

പത്തനംതിടട്ട ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചര്‍ക്കാനും ആലോചനയുണ്ട്.കേസില്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട് അന്വേഷണസംഘം.

കൊലപാതകവുമായി മാറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020ലെ ജയില്‍വാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തല്‍.

ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പിടിയിലായവര്‍ ജയിലില്‍ ഷാഫിക്ക് ഒപ്പമുണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകും.

അതേസമയം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പീഡിപ്പിച്ചു കൊലപ്പെടുത്തല്‍ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക.