നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുമായുള്ള ചർച്ചയിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന ഡി വൈ എഫ് ഐ ആരോപണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി .
മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ അർദ്ധരാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടത്തിനെ തുടർന്ന് സമരം കടുപ്പിക്കുകയാണ് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. തസ്തിക സൃഷ്ടിക്കുകയെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ഇന്നലത്തെ ചർച്ചയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന ഡി വൈ എഫ് ഐ ആരോപണത്തെയും സമര സമിതി തള്ളി.
കുറ്റബോധം കൊണ്ടാണ് ഡി വൈ എഫ് ഐ മധ്യസ്ഥ ചർച്ചക്ക് തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു സി പി ഒ റാങ്ക് ഹോൾഡേഴ്സ് ഇന്ന് സമരം നടത്തിയത്.രണ്ട് ഉദ്യോഗാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി . അതിൻ്റെ പിന്നിൽ പ്രകടനമായി അണിചേർന്ന ഉദ്യോഗാർത്ഥികൾ പ്രതീകാത്മക മൃതദേഹം ചുമന്നാണ് പ്രതിഷേധം അറിയിച്ചത്. സമരപന്തലിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ അമ്മമാരും എത്തി