മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട് പുല്‍പ്പള്ളിയില്‍ ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
വയനാട്ടിലെ ജനങ്ങളുടെ വന്യമൃഗ പേടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നാളെ മാനന്തവാടി, തലശേരി ബിഷപ്പുമാരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും കേന്ദ്രമന്ത്രി വിളിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി ആദ്യം ബത്തേരിയില്‍ വച്ച് ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ആദ്യം വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട താത്ക്കാലിക വനംവകുപ്പ് വാച്ചര്‍ പാക്കത്ത് പോളിന്റെ വീട്ടിലുമെത്തി. ഇതിന് ശേഷം പടമലയിലെ അജീഷിന്റെ വീട്ടിലുമെത്തി. അജീഷിന്റെ മകളോട് സംസാരിക്കുന്നതിനിടെയാണ് മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്ഡന് അനുവാദമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്.