Kerala

കാന്തല്ലൂരില്‍ കാട്ടുതീ; ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു

പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്

ഇടുക്കി കാന്തല്ലൂരില്‍ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചു. പ്രദേശത്ത് ഇതുവരെ മഴ ലഭിക്കാത്തതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ മഴ ലഭിക്കുമ്പോഴും മറയൂര്‍ അഞ്ചുനാട് മേഖല കനത്ത വെയിലില്‍ കരിഞ്ഞുണങ്ങുകയാണ്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ തീര്‍ത്ഥമലക്ക് സമീപമുണ്ടായ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമാണ് കത്തിനശിച്ചത്. ചാനല്‍ മേട് ഗ്രാമത്തിന് സമീപം വരെ തീ പടര്‍ന്നു. കാന്തല്ലൂര്‍ റിസര്‍വിലെ വനപാലകരുടെ രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. സീസണില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലായി ഹെക്ടര്‍ കണക്കിന് പ്രദേശത്താണ് ശീതകാല പഴം, പച്ചക്കറികള്‍ കൃഷി ചെയ്തിരുന്നത്.

എന്നാല്‍ വെയില്‍ അതിരൂക്ഷമായതിനാല്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിക്കുകയാണ്. മഴ ലഭിക്കാതെ വേനല്‍ ഇനിയും തുര്‍ന്നാല്‍ പ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്ന പത്ത് കോടിയിലധികം രൂപയുടെ വിളകള്‍ പൂര്‍ണമായി നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.