Kerala

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി.യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്.

ഇതിനിടെ കണ്ണൂരിൽ പൊലീസിന്റെ മുന്നിൽ വച്ച് കെഎസ് യു നേതാവിനെ സിപിഐ എം പ്രവർത്തകർ മർദിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ് യു നേതാവിനെയാണ് മർദിച്ചത്. മർദനത്തിൽ കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിക്ക് അടിയേറ്റു. പൊലീസിന്റെ മുന്നിൽവച്ചാണ് സിപിഐ എം പ്രവർത്തകർ കെഎസ് യു നേതാവിനെ മർദിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ രാത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.