യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‍തവർക്കെതിരായ കേസുകൾ പിൻവലിക്കും. ശബരിമല യുവതീ പ്രവേശനത്തിൽ സമരം ചെയ്‍തവർക്കെതിരെയെടുത്ത കേസുകളും പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.പി.സി.എൽ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിക്ക് മുമ്പിൽ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണെന്നും ചെന്നിത്തല കോട്ടയത്ത് വ്യക്തമാക്കി.
പിൻവാതിൽ നിയമനം ഉറപ്പിക്കാനാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗമെന്ന് ചെന്നിത്തല പറഞ്ഞു. തൊഴിൽ കാത്തിരിക്കുന്ന യുവാക്കളോടുള്ള വെല്ലുവിളിയാണ് സർക്കാർ നടത്തുന്നത്. സെക്രട്ടറിയേറ്റിനു മുമ്പിലെ സമരം നടത്തുന്നവരോട് മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.