സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെയാണ്. കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഇവിടെ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടത്. തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.
100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും…ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം….പ്രവീൺ നാട്ടുകാരെ പറ്റിച്ച് പടുത്തുയർത്തിയ കള്ളപ്പണത്തിന്റെ കോട്ട ചെറുതല്ല.
പെ.പി പ്രവീൺ എന്നാണ് പ്രവീൺ റാണയുടെ യഥാർത്ഥ പേര്. എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രവീണ് എംബിഎയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. കോടികൾ വിലമതിക്കുന്നതാണ് പ്രവീൺ റാണയുടെ സ്വത്തുക്കൾ. അരിമ്പൂരിൽ റിസോർട്ട്, കൊച്ചിയിൽ ഹോട്ടൽ, പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപം ഇങ്ങനെ നീളുന്നു കോടികളുടെ ആസ്തിയുടെ കണക്ക്. ഒരു ബിഎംഡബ്ല്യു കാർ അടക്കം നാല് വാഹനങ്ങളാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.