India Kerala

കാട്ടാക്കടയില്‍ കണ്ണുനട്ട് യു.ഡി.എഫും എല്‍

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ ഇത്തവണ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെര‍ഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ കൈവിട്ട് പോകാതിരിക്കാന്‍ കഠിന ശ്രമം എല്‍.ഡി.എഫും നടത്തുന്നുണ്ട്. ബി.ജെ.പിയ്ക്ക് അടിത്തറയുള്ള നിയമസഭ മണ്ഡലം കൂടിയാണ് കാട്ടാക്കട.

തിരുവനന്തപുരം ജില്ലയിലെ അ‍ഞ്ച് ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒപ്പം നിന്ന മണ്ഡലമാണ് കാട്ടാക്കട. 2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ഒന്ന് കാട്ടാക്കട ആയിരുന്നു. 5387 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് അന്ന് ലഭിച്ചത്. എന്നാല്‍ 2014 ആയപ്പോള്‍ ചിത്രം മാറി. 4983 വോട്ടുകളുടെ ഭൂരിപക്ഷം എ സമ്പത്തിന് ലഭിച്ചു. മാത്രമല്ല 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തനെ അട്ടിമറിച്ച് എല്‍.ഡി.എഫിന്‍റെ ഐ.ബി സതീഷ് വെന്നിക്കൊടി പാറിച്ചു. ആ മേല്‍ക്കൈ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

എന്നാല്‍ തങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള കാട്ടാക്കട മണ്ഡലത്തില്‍ ഇത്തവണ വന്‍ ഭൂരിപക്ഷം നേടുമെന്ന ഉറച്ച് വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എന്നാല്‍ കാട്ടാക്കടയില്‍ നിന്ന് 2014 ലെ തെരഞ്ഞെടുപ്പില്‍ 18811 വോട്ട് മാത്രം ലഭിച്ചിരുന്ന ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് 38700 വോട്ടായി വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ കാട്ടാക്കടയില്‍ നിന്ന് കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.