Kerala

പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാം: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇടമില്ലെന്ന് കേരള ജനത തെരഞ്ഞെടുപ്പിലൂടെ പ്രഖ്യാപിച്ചുവെന്നും സ്വീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് ഒരു എല്‍ഡിഎഫ് സര്‍ക്കാരിനും നേടാന്‍ കഴിയാത്ത വലിയ വിജയമാണ് പിണറായി സര്‍ക്കാരിന് ലഭിച്ചതെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിലെത് ബദല്‍ രാഷ്ട്രീയത്തിന്റ വിജയമാണ്. പിബി അംഗം ബൃന്ദ കാരാട്ടും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി കലാപത്തിലെ ഇരകളുടെ ബന്ധുക്കളും പിണറായിയെ സ്വീകരിക്കാന്‍ കേരള ഹൗസില്‍ എത്തി. ചെന്നൈയില്‍ ആയതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിനെത്തിയില്ല.