Association Europe Kerala Pravasi Switzerland

അടിച്ചമർത്തലും ചൂഷണവും അവസാനിക്കട്ടെ. സ്ത്രീ ശക്തയാണ്. അംഗീകരിക്കുകയെ വേണ്ടു . സ്ത്രീയെ കച്ചവടചരക്കാക്കി അവൾക്കു വിലയിടുന്ന കാലം അവസാനിക്കട്ടെ. അവളുടെ സ്വപ്നങ്ങളും യാഥാർഥ്യം ആകട്ടെ.- വനിതാദിനത്തോടനുബന്ധിച്ചു ശ്രീമതി ജിജി പ്രിൻസ് കാട്രുകുടിയിൽ എഴുതിയ ആർട്ടിക്കിൾ.

നീ പെണ്ണാണ്,   വീടിന്റെ കോലായിലേക്ക്‌ വരാൻ പാടില്ല. ആർത്തവ ദിനങ്ങൾ അശുദ്ധ ദിനങ്ങൾ ആണ്, ആണുങ്ങൾ കഴിച്ചിട്ട് മിച്ചം ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു എന്നൊക്ക പറഞ്ഞു   സ്ത്രീയെ  അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ തളച്ചിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

തിരുവിതാംകൂറിലേക്കു തിരിഞ്ഞു നോക്കിയാൽ, താഴ്ന്ന ജാതിയിലുള്ള സ്ത്രീകളോടായിരുന്നെങ്കിൽ പോലും, മുലക്കരവും അതിനോടനുബന്ധിച്ചു നടന്ന നങ്ങേലിയുടെ മുല വിച്ഛേദനവും ചരിത്ര താളുകളിൽ പതിയപ്പെട്ടിരിക്കുന്നു.

സ്ത്രീകളുടെ  അവകാശങ്ങൾക്കു വേണ്ടിയുള്ള വിപ്ലവം ആണ് ഏറ്റം ദൈഖ്യമാർന്ന വിപ്ലവം എന്ന് പറയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ തന്നെ ഈ വിഷയം ചർച്ച ആയിട്ടുണ്ട് എന്നാണ് ആ കാലഘട്ടത്തിൽ ജീവിച്ച ജർമ്മൻ   തത്വ ചിന്തകനായ ഫ്രീഡ്രിഹ് എൻഗേൽസിന്റെ രചനകളിൽ നിന്ന് മനസിലാകുന്നത്.

ഏകഭാര്യാഭർതൃത്വത്തിൽ അധിഷ്ഠിതമായ കുടുംബം നിലവിൽ വന്നതോടെ പുരുഷൻ അതിന്റെ സമ്പൂർണ അധികാരം കൈയടക്കുകയും, സ്ത്രീ കേവലമായ ദാസ്യത്തിന്റെ പദവിയിലേക്കും പുരുഷന്റെ കാമപൂരണത്തിനും കുഞ്ഞുങ്ങളെ പ്രസവിക്കാനും മാത്രമായും  തരം താഴ്ത്തപ്പെടുകയും ആയിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു..

എന്നാൽ അതിനൊക്കെ ഇന്ന് മാറ്റം വന്നിരിക്കുകയാണ്. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ തിളങ്ങി നിൽക്കുകയാണ്.

1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ സ്വന്തം  ജോലിസ്ഥലത്ത്, കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയു നടത്തിയ പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 

1910ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിൽ വെച്ച് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ് വനിതാ ദിനം എന്ന ഒരു ആശയം മുമ്പോട്ട് വെച്ചത്. 1911ലാണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിച്ചത്. ഓസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആയിരുന്നു ഇത്. എന്നാൽ 1975ലാണ് ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായ  ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകൾ, ശാക്തീകരണം എന്നീ രണ്ട് പദങ്ങൾ ചേർന്നതാണ്. ശാക്തീകരണം എന്നാൽ ഒരാൾക്ക് അധികാരമോ അധികാരമോ നൽകുക എന്നതാണ്.

കുടുംബത്തിൽ  തന്നെ ആണ് സ്ത്രീ ശാസ്ത്രീകരണം തുടങ്ങേണ്ടത് . പെൺകുട്ടികളെ  മൃദുഭാവങ്ങളുടെയും,സങ്കുചിത ചിന്താധാരകകുടെയും, കാവ്യസങ്കല്പങ്ങളുടെയും,പര്യായം എന്നതിലുപരി,ഉറച്ചമനോഭാവങ്ങളുടേയും ഉന്നത ചിന്തകളുടെയും, വിശാലമനസ്കതയുടെയും ബിംബങ്ങളായി ഉയരാൻ സ്വയംപര്യാപ്തർ ആക്കി സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ പഠിപ്പിക്കുക.

പരസ്പരം ബഹുമാനിക്കുന്ന മാതാപിതാക്കൾ അവർക്കു ജനിച്ച കുഞ്ഞിന് ഉദാത്ത മാതൃകയാണ്. ആണും പെണ്ണും പരസ്പരം പൂരകങ്ങൾ ആണ്. അമ്മമാരുടെ മനോഭാവവും മാറേണ്ടിയിരിക്കുന്നു. ആണ്മക്കളെയും പെൺമക്കളെയും രണ്ടു രീതിയിൽ വളർത്താൻ നമ്മുടെ കുടുംബങ്ങളും സമൂഹവും മതങ്ങളും നമ്മോടു ആഹ്വാനം ചെയുന്നു. ഇല  മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേടു ഇലക്ക് എന്ന  പഴമൊഴിയോടെ. അത് തന്നെ  ഇപ്പോഴും അവസ്ഥ. ഒരു തരത്തിൽ പറഞ്ഞാൽ സത്യവും അത് തന്നെ. പെണ്മക്കക്കു തന്നെ പുറത്തേക്കു പോകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ, എന്തുകൊണ്ട് എന്ന ചോദ്യത്തിന് എന്താണ് ഉത്തരം? ഇവിടെ  ആണ് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത്. എന്തും ചെയ്യാൻ അല്ല ,പേടിക്കാതെ ഏതുസമയത്തും പുറത്തു ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം.

വികാരങ്ങൾ പുരുഷന് മാത്രമോ? സ്ത്രീ അവൾക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാൽ പുരുഷനെ പ്രകോപിപ്പിക്കും. പുരുഷൻ മാറു മറക്കാതെ നടന്നാലും, നിക്കർ ഇട്ടു നടന്നാലും, മുണ്ടു മടക്കി കുത്തിയാലും ആർക്കും  ബുദ്ധിമുട്ടില്ല. ചിന്താഗതി, മനോഭാവം അല്ലെ ഇത്. ലേഖിക ഉൾപ്പെടെയുള്ള സമൂഹം അങ്ങിനെ തന്നെ ചിന്തിക്കുന്നു.

മതങ്ങൾ സ്ത്രീകളെ  വസ്ത്രധാരണത്തിലും ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിലും ഒക്കെ ആയി രണ്ടാം തട്ടിലേക്ക് താഴ്ത്തുന്നു..ആചാരങ്ങളെ, വിശ്വാസത്തെ  മറികടക്കാൻ സ്ത്രീകൾ സ്വയം  തയാറാകുന്നില്ല എന്നതാണ് യാഥാർഥ്യം .ശാരീരികമായി അവൾ മൃദുവായി, ശക്തി കുറച്ചു നിര്മിക്കപ്പെട്ടവൾ ആണ്. മാനസികമായി അവൾ കൂടുതൽ ശക്തയാണ്. ഒന്നാലോചിച്ചാൽ മനസിലാകും എത്ര കാര്യപ്രാപ്‌ത ആണവൾ. അംഗീകരിച്ചാൽ അഹങ്കരിക്കും എന്നൊരു മുഖം മൂടി ചാർത്തി അവളെ ഇരുട്ടിലേക്ക് തന്നെ തള്ളുന്നു.

ഗാർഹിക അധ്വാനത്തിൽ പല വിഭാഗങ്ങൾ ഉണ്ട് എന്നതിനെ മറച്ചുവെച്ചുകൊണ്ടു  ആണ് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത്. . പുരുഷൻ  8  മണിക്കൂർ ജോലി കഴിഞ്ഞു എത്തുമ്പോൾ  അവനു ക്ഷീണം .സ്ത്രീക്കോ ? സ്ത്രീയും രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിലെ കാര്യങ്ങൾ  നോക്കുകയാണ്. അവിടെ  ആണ് സ്ത്രീക്ക് പിന്തുണ വേണ്ടത്.  ഒരു പുരുഷന്റെ വിജയത്തിന് ഒരു സ്ത്രീയുടെ പിന്തുണ വളരെ വിലയേറിയത്  ആണെന്നപോലെ തന്നെ ആണ് തിരിച്ചും. അതാണ്   ഒരു  കുടുംബത്തിന്റെ വിജയം. സ്നേഹത്തിന്റെ വിജയം.

ഇന്ത്യൻ  ഭരണഘടനയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും  സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം നിലനിൽക്കെ തന്നെ,  ഉന്നത വിദ്യാസമ്പന്നരായ സ്ത്രീകൾ ഗാർഹികതയിലേക്കു ചുരുങ്ങുന്നതായി കാണാൻ സാധിക്കും.    സ്ത്രീ ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്‍റെ ജീവിതവും സ്വപ്നവും ത്വജിക്കേണ്ടവളാണെന്ന വിശ്വാസം സമൂഹം വെച്ചുപുലർത്തുന്നു.  .

അമ്മ സർവ്വംസഹയാണ്  ക്ഷമാമൂർത്തി ആണ്,  സ്ത്രീ യാതനകൾ ഏറ്റെടുക്കുന്നവൾ ആണ് , സർവ സമർപ്പിതയാണ്  എന്നൊക്കെ ഉത്തമയായ ഭാര്യക്കും മാതൃത്വത്തിനും വളരെ മനോഹരമായ നിർവ്വചനങ്ങൾ നൽകി, സ്ത്രീയെ ആ നില തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു. കടമയുടെയും മാതൃസ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും, പതാവലികൾകൊണ്ട് മറച്ചുപിടിച്ച, അദൃശ്യവത്കരിക്കപ്പെട്ട ഗാർഹിക തൊഴിലിലെ ലിംഗ വിവേചനം കുടുംബത്തിൽ തന്നെ തുടങ്ങുന്നു. ഗാർഹികതയും ശിശുപരിപാലനവും സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു..അവിടെ നടക്കുന്ന അധ്വാനം വില കൊടുക്കേണ്ടാത്ത ഒന്നാക്കി  തീർക്കുന്നു.

ദിനാചരണങ്ങൾക്കും , ആശംസകൾക്കും, പ്രഖ്യാപനങ്ങൾക്കും കുറവുകൾ ഇല്ല.അപ്പോഴും യാഥാർഥ്യങ്ങൾ നമ്മെ നോക്കി കൊഞ്ഞനം കുത്തുകയാണ്. വിസ്മയമാരും ഉത്തരമാരും അപ്പുറത്തു കേഴുന്നു.സ്ത്രീകൾ ഇപ്പോൾ കടന്നു ചെല്ലാത്ത ഒരു മേഖലയും ഇല്ല. എല്ലായിടത്തും പുരുഷനോടൊപ്പം അവൾ എത്തിക്കഴിഞ്ഞു.എല്ലായിടത്തും അവൾ  തന്റെ നൈപുണ്യം കാഴ്ചവെക്കുന്നു.എങ്കിലും അവളുടെ വ്യക്തിത്വത്തെ, അവളുടെ കഴിവിനെ,, അംഗീകരിക്കാൻ ഒരു വൈമനസ്യം  എവിടെയൊക്കെയോ പ്രകടമാകുന്നു.

എന്തുകൊണ്ടാണ് അവൾക്കു  മത,സാമൂഹിക,രാഷ്ട്രീയ നേതാക്കൾക്ക്  ഇര ആകേണ്ടി വരുന്നത് ? നീതിക്കായുള്ള  പോരാട്ടത്തിൽ ഒന്നുകിൽ അവഗണന അല്ലങ്കിൽ ചൂഷണം. വളരെ ചർച്ചയായ സ്വപ്ന സുരേഷ് വിവാദത്തിൽ വ്യക്തമായി കാണാം ഒരു സ്ത്രീയുടെ ആത്മാർത്ഥത സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കായി അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്നത്. എങ്കിലും മറുവശത്തു അവളുടെ കഴിവിനെ അംഗീകരിച്ചുകൊണ്ട്, പിന്തുണ നൽകിക്കൊണ്ട് സ്ത്രീ ശാസ്ത്രീകരണം മുൻപിൽ കണ്ടുകൊണ്ടു ഒരു പ്രസ്ഥാനം അവളെ കൈ പിടിച്ചു വീണ്ടും ഉയർത്തുന്നു.

അംഗീകാരം, നീതി, പിന്തുണ, സ്വാതന്ത്ര്യം, മനുഷ്യാവകാശം  ഉണ്ടാവട്ടെ. അടിച്ചമർത്തലും ചൂഷണവും അവസാനിക്കട്ടെ. സ്ത്രീ ശക്തയാണ്. അംഗീകരിക്കുകയെ വേണ്ടു . സ്ത്രീയെ കച്ചവടചരക്കാക്കി അവൾക്കു വിലയിടുന്ന കാലം അവസാനിക്കട്ടെ. അവളുടെ  സ്വപ്നങ്ങളും യാഥാർഥ്യം ആകട്ടെ.

ഇതൊക്കെ ആണെങ്കിലും കാളിയുടെയും ശൂർപ്പണഖയുടെയും ഒക്കെ അവതാരങ്ങളായി അതിശക്തരായ സ്ത്രീകളും ഉണ്ടന്നുള്ള കാര്യം മറച്ചു  വെക്കാനാവില്ല. അവർ സാധാരണ സ്ത്രീകൾ അല്ല എന്ന് മാത്രം പരാമർശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *