വയനാട്ടിൽ മഴ കനത്തതോടെ ഇന്നും നാളെയും ജില്ലാ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 35 ക്യാമ്പുകളിലായി ആയിരത്തോളം പേരെ മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു.
സുൽത്താൻബത്തേരി താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്നടിയിലായതിനാൽ 100-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവിടെ മാത്രം നിലവിൽ 6 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കല്ലൂർ സ്കൂൾ, മീനങ്ങാടി എൽ.പി സ്കൂൾ, മുക്കുത്തിക്കുന്ന് ക്ലബ്ബ്, കല്ലിങ്കര സ്കൂൾ, ചെറുമാട് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കബനി നദിയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
പനമരം മതോത്ത് പൊയിൽ കാക്കത്തോട് കോളനിയിൽ വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്. വെള്ളമുണ്ട കുഞ്ഞോം കോളനിയിൽ ഒറ്റപ്പെട്ടു പോയ 20 കുടുംബങ്ങളെ രക്ഷപ്പെടുത്തി.
മാതമംഗലം ഹൈസ്ക്കൂൾ. കൃഷ്ണഗിരി വില്ലേജിലെ അത്തിനിലം കോളനി, നൂൽപ്പുഴ വില്ലേജിലെ കാക്കത്തോട്, പുഴംകുനി, ചാടകപ്പുര, കാര്യമ്പാടി കോളനികൾ, മുത്തങ്ങ മുക്കുത്തിക്കുന്ന് കോളനി, നെന്മേനി പഞ്ചായത്തിലെ പാമ്പുംകുനി, വെള്ളച്ചാൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ 112 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. താഴ്ന്നയിടങ്ങളിൽ കൃഷികൾ വെള്ളത്തിന്നടിയിലാണ്. തേലംപറ്റ സ്വദേശി തങ്കപ്പന്റെ വീട്ടുമുറ്റത്തെ കിണർ കനത്ത മഴയിൽ താഴ്ന്നു. ദേശീയപാത 766 ൽ മുത്തങ്ങ പൊൻകുഴി ഭാഗത്ത് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. താമരശ്ശേരി ചുരം, പാൽച്ചുരം എന്നിവിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.