വയനാട് കാടാശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. മൂപ്പൈനാട് പഞ്ചായത്തിലെ കാടാശ്ശേരി, കടച്ചിക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ 2 ആഴ്ചയായി 3 കാട്ടാനകളടങ്ങിയ കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ലക്ഷങ്ങളുടെ കാർഷിക വിളകളാണിവിടെ ആനകൾ നശിപ്പിച്ചത്.
നേരം ഇരുട്ടുന്നതോടെ തോട്ടങ്ങളിൽ ഇറങ്ങുന്ന ആനകളെ ഭയന്ന് പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയാണ്. തോട്ടം മേഖലയായ ഇവിടെ തൊഴിലാളികൾക്ക് ജോലിക്ക് പോവാനും ചെറു വാഹനങ്ങളുമായി റോഡില്‍ ഇറങ്ങാനും വരെ പ്രയാസമാണ്.
നിലമ്പൂർ വനമേഖലയോട് ചേർന്നു കിടക്കുന്നതും മേപ്പാടി റേഞ്ച് ബഡേരി സെക്ഷനിൽപ്പെട്ടതുമായ പ്രദേശത്ത് ഒരു ഡസനോളം ചെറുകിട കാപ്പിത്തോട്ടങ്ങളുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കാപ്പി, തെങ്ങ്, വാഴ, കമുക് തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
എസ്‌റ്റേറ്റുകളിലെ ഗേറ്റുകളും കോൺക്രീറ്റ് കാലുകളിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലികളുമൊക്കെ തകർത്തു കൊണ്ടാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. ഇലക്ട്രിക് ഫെൻസിങ്ങ് നടപ്പാക്കുകയോ അതിര്‍ത്തിയില്‍ കിടങ്ങുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.