Kerala

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ( wayanad kurukkanmoola tiger )

കടുവയിറങ്ങിയ വയനാട് കുറുക്കൻമൂലയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ പാൽ, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങൾക്ക് സുരക്ഷയൊരുക്കും.

രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി. കുറുക്കൻമൂലയിൽ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിക്ക് നിർദേശമുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ റവന്യൂവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.

കടുവയെ തെരയാൻ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കൻ മൂലയിൽ എത്തിച്ചിട്ടുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പരിശീലനം നേടിയ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. കടുവയ്ക്കായി ഡ്രോണുകൾ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.

കുറുക്കൻമൂലയിലെ പടമല സ്വദേശി സുനിയുടെ ആടിനെ ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചിരുന്നു. ഇതുവരെ പ്രദേശത്ത് 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കൻമൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയും തേങ്കുഴി ജിൻസന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.