India Kerala

കടുത്ത വരള്‍ച്ച: പാലക്കാട് 150 ഏക്കര്‍ നെല്‍കൃഷി കരിഞ്ഞു

കടുത്ത വരള്‍ച്ച പാലക്കാട്ടെ നെല്‍കര്‍ഷകരെ ഗുരുതരമായാണ് ബാധിച്ചത്. പെരുവമ്പ് ഭാഗത്ത് 150ല്‍ അധികം ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുപോയി.

മൂലത്തറ ഡാമില്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും ഒരാഴ്ച തുടര്‍ച്ചയായി വെള്ളം ലഭിക്കുമായിരുന്നു. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് ഇത്തവണ വെള്ളം ലഭിച്ചത്. അതോടെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷി പാടേ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ പാടങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടന്നു. നെല്‍ചെടികളെല്ലാം തിന്നു തീര്‍ത്തു.

ഒരേക്കറിന് ഇരുപത്തി അയ്യായിരത്തിലധികം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുന്നത്. വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. കരിഞ്ഞു പോകാത്ത പാടങ്ങളിലിപ്പോള്‍ നെല്ലിനെക്കാള്‍ കൂടുതല്‍ കളകളാണ് വളര്‍ന്നുനില്‍ക്കുന്നത്.