Kerala

മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു

മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. നിലവില്‍ 2385.06 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കൂടിയത് ആറ് അടി. ആകെ സംഭരണ ശേഷിയുടെ 85 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2.34 അടികൂടി ഉയര്‍ന്നാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. നിലവിലെ റൂള്‍ കര്‍വ് പ്രകാരം പത്ത് അടികൂടി ഉയര്‍ന്ന് ജലനിരപ്പ് 2395.4 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് വിലയിരുത്തല്‍. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി ജനിരപ്പ്.