Kerala

വഖഫ് നിയമന വിവാദം; സമസ്തയെ തള്ളി ലീഗ്; പ്രക്ഷോഭം തുടരും; കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി

വഖഫ് നിയമന വിവാദത്തില്‍ സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയില്‍ തന്നെ റദ്ധാക്കുന്നത് വരെ പ്രതിഷേധപരിപാടികള്‍ തുടരും. എല്ലാ ജില്ലകളിലെയും നേതാക്കളും സമ്മേളനത്തിന് എത്തണമെന്ന് ലീഗ് നിർദേശം.

സമസ്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും പ്രതിഷേധം വേണമെന്ന അഭിപ്രായമുള്ള മറ്റു മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം ലീഗിനൊപ്പമാണ്. ഇതുറപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. സമസ്തയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനില്ലെന്ന് പറയുന്ന മുസ്‌ലിം ലീഗ് വഖഫ് വിവാദത്തില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്. ഇതിന്‍റെ ഭാഗാമായാണ് കോഴിക്കോട് ബീച്ചില്‍ നടത്താന്‍ പോകുന്ന മഹാറാലി.