വാളയാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ കമ്മീഷൻ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക. വാളയാർ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. പ്രതികള്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍റ് ചെയ്തു.
കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.