വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. (wadakkanchery accident investigation report)
അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള അന്വേഷണപുരോഗതിയുമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരുക്കേറ്റ കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
ജോമോന്റെതായി നേരത്തെ പുറത്തുവന്ന ദൃശ്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. പൂനെയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമെന്ന് ജോമോന്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
വടക്കഞ്ചേരി അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസ് നിർത്തിയിട്ടില്ലെന്ന് ആർടിഓ റിപ്പോർട്ട് നൽകിയിരുന്നു. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. അപകടത്തിന് തൊട്ടുമുൻപ് വേഗത കുറച്ചെങ്കിലും അത് അപകടത്തിന് കാരണമല്ലെന്നും ആർടിഓ റിപ്പോർട്ടിൽ പറയുന്നു.
വടക്കഞ്ചേരി അപകടത്തിന്റെ കാരണവും സാഹചര്യവും ബസിലെ നിയമലംഘനവും ഒക്കെ പരിഗണിച്ച് ആർടിഓ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ആർടിസി അപകടസമയത്ത് ബസ് നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടത്തിന് തൊട്ടുമുൻപായി കെഎസ്ആർടിസി വേഗത കുറച്ചിരുന്നെന്നും അത് പക്ഷേ, അപകട കാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.
ഈ മാസം 5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.